പാഠപുസ്തകം ലക്ഷങ്ങള്‍ പാഴാകുന്നു

ഡിസംബര്‍ 23, 2007

വിദ്യാഭ്യാസ വകുപ്പിലെ തുഗ്ലക്ക്‌ പരിഷ്കാരം : പാഴ്ചെലവ് 70 ലക്ഷം രൂപ

Printing of Text Books 23-12-07 ലെ കേരളകൗമുദിയില്‍ വന്ന വാര്‍ത്തയാണ് ചിത്രത്തില്‍ കാണുന്നത്. പൂര്‍ണരൂപത്തില്‍ കാണുവാന്‍ ചിത്രത്തില്‍ ഞെക്കുക.

സംഭവം നടന്നത്‌ ഇങ്ങനെയാണ്. 2001-02 അധ്യയനവര്‍ഷത്തിലെ എട്ടാം ക്ലാസ്സ്‌ പാഠപുസ്തകങ്ങളില്‍ ഇരുപതോളം പാഠങ്ങളില്‍ മാറ്റം വരുത്തണമെന്ന്‌ മാര്‍ച്ച്‌ 2001 ല്‍ വിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിക്കുന്നു. നിര്‍ദ്ദേശം ലഭിച്ച ഉടന്‍ എസ്സ്.സി.ആര്‍.ടി. (State Council for Educational Research and Training) പുതിക്കിയ പാഠങ്ങള്‍ കൃത്യനിഷ്ടയോടെ തയ്യാറാക്കുന്നു. ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍, സമയം വളരെ കുറച്ചേ ഉള്ളൂ എന്ന്‌ മനസ്സിലാക്കി, മാറ്റം വരുത്തിയ ഇരുപതോളം പാഠങ്ങള്‍ ഉള്‍പ്പെട്ട 42.45 ലക്ഷം പുസ്തകങ്ങള്‍ പ്രിന്റു ചെയ്യുവാനുള്ള പ്രിന്റ്‌ ഓര്‍ഡര്‍ വിവിധ സ്വൊകാര്യ പ്രസ്സുകളെ ഏള്‍പ്പിക്കുന്നു. പ്രസ്സുകള്‍, അര്‍ജ്ജന്റ്‌ കാര്യം ആയതുകൊണ്ട്, ഉടന്‍‌തന്നെ പ്രിന്റു ചെയ്തു തുടങ്ങുകയും ചെയ്യുന്നു.

അത്രയും കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞപ്പോള്‍ സര്‍ക്കാരിന് വീണ്ടും ബുദ്ധി ഉദിച്ചു. പാഠപുസ്തകങ്ങള്‍ക്ക്‌ ഒരു മാറ്റവും വരുത്തണ്ട. പഴയതു തന്നെ 2001-02 ലും തുടരണം. വിവരം ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസ്സര്‍ക്കെത്തിയപ്പോള്‍ 6.40 ലക്ഷം പുതിയ പുസ്തകങ്ങള്‍ പ്രിന്റ്‌ ചെയ്തു കഴിഞ്ഞിരുന്നു. ഉപയോഗ ശൂന്യമായ ആ പുസ്തകങ്ങള്‍ക്ക്‌ കൊടുക്കേണ്ടിവന്ന വിലയോ, വെറും 70 ലക്ഷം രൂപ.

നിയമസഭയുടെ മേശപ്പുറത്തുവച്ച സി.ഏ.ജി യുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നമ്മുടെ സാമാജികന്മാര്‍ക്ക്‌ ഇതുവരെ വായിച്ചു നോക്കാന്‍ സമയമായിട്ടില്ല.

മുന്‍പത്തെ പോസ്റ്റ് – സ്കൂളുകളിലെ ലിനക്സ് പഠനത്തിന് പാര പണിയുന്നു

സ്കൂളുകളിലെ ലിനക്സ് പഠനത്തിന് പാര പണിയുന്നു

ഡിസംബര്‍ 22, 2007

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ മുന്‍പാകെ സമര്‍പ്പിക്കുന്നു.

മൈക്രോസോഫ്ടിനെ സ്കൂളുകളില്‍ കുടിയിരുത്തുന്നു
keralakaumudi news തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ മൈക്രോസോഫ്ടിനെ വീണ്ടും കുടിയിരുത്താന്‍ വിദ്യാഭ്യാസവകുപ്പിലെ ഉന്നതര്‍ ശ്രമിക്കുന്നു. സ്കൂളുകളില്‍ പഠിപ്പിക്കുന്ന സ്വതന്ത്രസോഫ്ട്വേറായ ലിനക്സിനെ ഒഴിവാക്കുന്നതിനുര്‍ ശ്രമത്തിനുപിന്നില്‍ ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടറേറ്റിലെ ചില പ്രമുഖരുമുണ്ട്.
ഇതിന്റെ ഭാഗമായി യുവജനോത്സവത്തിന്റെ നടത്തിപ്പ്, സ്കോര്‍, മത്സരങ്ങളുടെ ക്രമം എന്നിവ രേഖപ്പെടുത്താനും എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുവേണ്ടി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാനുമായി രണ്ട് സോഫ്ട്വേറുകള്‍ സ്കൂളുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്ട്വേര്‍ വേണം. ഒരു സ്കൂളിലും ഈ ഓപ്പറേറ്റിംഗ് സിസ്റ്റം നിലവില്ല. എല്ലാ സ്കൂളുകളിലേയും കമ്പ്യൂട്ടറുകളില്‍ മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്ട്വേറും എം.എസ് ഓഫീസ് സോഫ്ടവേറും ലോഡ് ചെയ്യുകയാണ്. മൈക്രോസോഫ്ടില്‍ നിന്ന് ഒറിജിനല്‍ സോഫ്ട്വേറുകള്‍ വാങ്ങണമെങ്കില്‍ 15000 രൂപ നല്‍കേണ്ടിവരും. അതിനാല്‍ എല്ലായിടത്തും വ്യാജസോഫ്ട്വേറുകളാണ് ഉപയോഗിക്കുന്നത്. പകര്‍പ്പവകാശ നിയമപ്രകാരം ഇത് ക്രിമിനല്‍ കുറ്റമാണെങ്കിലും മൈക്രോസോഫ്ടുകൂടി അറിഞ്ഞുകൊണ്ടായതിനാല്‍ ഇപ്പോള്‍ പ്രശ്നം ഉണ്ടാക്കില്ല. സ്കൂളുകളില്‍ മൈക്രോസോഫ്ട് വ്യാപിച്ചുകഴിഞ്ഞാല്‍ അടുത്ത പടിയായി സോഫ്ട്വേറിന്റെ ഒറിജിനല്‍ വാങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്.ഐ.ടി അറ്റ് സ്കൂള്‍ മുമ്പ് മൈക്രോസോഫ്ടിനെയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 2005 മുതല്‍ ലിനക്സ് പഠിപ്പിക്കാന്‍ തുടങ്ങി.

കടപ്പാട്- കേരളകൗമുദി (22-12-07)

പുസ്തകം പ്രിന്റു ചെയ്യാന്‍ പാഴാക്കിയത് 5.57 കോടി രൂപ

സര്‍ക്കാരിലെ ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍ക്കാണ് പാഠപുസ്തകങ്ങള്‍ സമയത്ത്‌ പ്രിന്റ്‌ ചെയ്യിപ്പിച്ച്‌ സ്കൂളുകളില്‍ എത്തിക്കാനുള്ള ചുമതല. കേരളത്തില്‍ 3 സെണ്ട്രല്‍ ടെക്സ്റ്റ്‌ ബുക്ക്‌ സ്റ്റോറുകളും, 34 ഡിസ്ട്രിക്ട്‌ ടെക്സ്റ്റ്‌ ബുക്ക്‌ ഡിപ്പോകളും നിലവിലുണ്ട്‌. ഇവര്‍ വഴിയാണ് പാഠപുസ്ത്കങ്ങള്‍ നാടെങ്ങും വിതരണം ചെയ്യുന്നത്‌. അതുകൊണ്ട്‌ തന്നെ പിന്നാണ്ടത്തെ പുസ്തകങ്ങള്‍ പ്രിന്റ്‌ ചെയ്യുന്നതിനു മുമ്പായി മേല്‍പ്പറഞ്ഞ ഡിപ്പോകളിലും, സ്റ്റോറുകളിലും നീക്കിയിരിക്കുന്ന പാഠപുസ്തകങ്ങളുടെ കണക്കെടുക്കേണ്ടത്‌ സ്വാഭാവികം മാത്രം. മാത്രമല്ലാ, ഇനിവരുന്ന കൊല്ലങ്ങളില്‍ സിലബസ്സില്‍ മാറ്റം വല്ലതും വരുത്തിയിട്ടുണ്ടോ എന്നും മുന്‍ കൂട്ടി മനസ്സിലാക്കിയിരിക്കണം.
ഒന്ന്‌, രണ്ട്‌, മൂന്ന്‌, ഒന്‍പത്‌ എന്നീ ക്ലാസ്സുകളിലെ സിലബസ്സ്‌ 2003-04 അക്കഡമിക്‌ വര്‍ഷം മുതലും, നാലും അഞ്ചും ക്ലാസ്സുകളിലേത്‌ 2004-05 വര്‍ഷം മുതലും ആറ്‌, ഏഴ് ക്ലാസ്സുകളിലേത്‌ 2005-06 വര്‍ഷം മുതലും മാറ്റം വരുത്തേണ്ടതുണ്ടെന്ന്‌ സെപ്റ്റംബര്‍ 2002-ല്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

നിലവിലുള്ള സ്റ്റോക്ക്‌ എത്രയാണെന്ന്‌ കണക്കാക്കാതെ, വരാന്‍ പോകുന്ന സിലബസ്സ്‌ മാറ്റത്തെപ്പറ്റി ഒന്നും ചിന്തിക്കാതെ നമ്മുടെ ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍ 2002-03 ല്‍ 34.66 ലക്ഷം പുസ്തകങ്ങളും 2003-04 ല്‍ 68.25 ലക്ഷം പുസ്തകങ്ങളും പ്രിന്റ്‌ ചെയ്യിച്ചു. അതുകൊണ്ടെന്തായി, 6.19 കോടി രൂപ വിലയുള്ള 61.01 ലക്ഷം പുസ്തകങ്ങള്‍ ആവശ്യത്തിലധികമായിപ്പോയി. മാത്രമല്ല അതില്‍ 54.91 ലക്ഷം പുസ്തകങ്ങല്‍ സിലബസ്സ്‌ മാറ്റം കാരണം ഉപയോഗ ശൂന്യവുമായി. ഉപയോഗശൂന്യമായതിനു മാത്രം സര്‍ക്കാരിനു ചിലവായത്‌ 5.57 കോടി രൂപയാണ്.

അങ്ങനെ ഒരു ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസറുടെ സല്‍‌പ്രവര്‍ത്തി (!!) കാരണം പൊതുഖജനാവിനു ഉണ്ടായ പാഴ്‌ചെലവ്‌ വെറും 5.57 കോടി രൂപ.

ഈ ഉദ്ദ്യോഗസ്ഥന്‍ റിട്ടയര്‍ ചെയ്ത്‌, മരണശേഷം അന്വേഷണം തുടങ്ങുമായിരിക്കണം. അതുവരെ സര്‍ക്കാരില്‍ കിട്ടിയിരിക്കുന്ന ഏ.ജി യുടെ റിപ്പോര്‍ട്ട ചുവപ്പ് നാടയിട്ട് മുറുകെ കെട്ടിയിരിക്കുന്നുണ്ടാകും.

ലിനക്സിനു വേണ്ടിയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പാഴ്ചിലവുകള്‍

2005-06 മുതല്‍ എട്ടാം ക്ലാസ്സിലെ പാഠ്യപദ്ധതിയില്‍ ലിനക്സ്‌ കൂടി ഉള്‍പെടുത്തികൊണ്ടുള്ള ഐ.റ്റി. പുസ്തകങ്ങള്‍ തയ്യാറാക്കണമെന്ന്‌ ജൂലൈ 2005 ല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ എട്ടാം ക്ലാസ്സിലേക്കുള്ള ഐ.റ്റി. പുസ്തകങ്ങള്‍ (ലിനക്സ്‌ വിഭാഗം ഉള്‍പെടുത്താതെയുള്ളത്‌) നേരത്തേ തന്നെ തയ്യാറാക്കികഴിഞ്ഞിരുന്നു. ആയതിനാല്‍ ലിനക്സ്‌ വിഭാഗം മാത്രം ഉള്‍പെടുന്ന 4.86 ലക്ഷം സപ്ലിമെന്ററി പുസ്തകങ്ങള്‍ കേരളാ ബുക്സ്‌ പബ്ലിക്കേഷന്‍ സൊസൈറ്റി (KBPS) വഴി പ്രിന്റ്‌ ചെയ്യിപ്പിച്ച്‌ (ആഗസ്റ്റ് 2005) എട്ടാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌, സര്ക്കാര്‍ തീരുമാനപ്രകാരം, സൌജന്യ ‍മായി നവംബര്‍ 2005 ല്‍ വിതരണം ചെയ്തു.

2006-07 വിദ്യഭ്യാസ വര്‍ഷത്തിലേക്കുള്ള എട്ടും ഒന്‍പതും ക്ലാസ്സുകളില്‍ ലിനക്സ്‌ വിഭാഗം ഉള്‍പടെ യുള്ള ഐ.റ്റി. പുസ്തകങ്ങള്‍ തയ്യാറാക്കുവാനുള്ള നിര്‍ദ്ദേശം ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍ക്ക്‌ ഒക്ടോബര്‍ 2005-ല്‍ തന്നെ നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്‌ പ്രിന്റ്‌ ചെയ്ത്‌ തയ്യാറാക്കുവാനുള്ള ഉത്തരവ്‌ ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസറില്‍ നിന്നും KBPS നു ലഭിക്കുന്നതിനു (ഡിസംബര്‍ 2005) മുമ്പ്‌ തന്നെ അവര്‍ ( KBPS ) ഐ.റ്റി. പുസ്തകങ്ങളുടെ 4.82 ലക്ഷം കോപ്പികള്‍ (ലിനക്സ്‌ വിഭാഗം ഉള്‍പ്പെടുത്താത്തത്‌) തയ്യാറാക്കി കഴിഞ്ഞിരുന്നു. ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍ ആഗസ്റ്റ് 2005 ല്‍ തന്നെ 2006-07 ലേക്ക്‌ വേണ്ടി നല്‍കിയ പ്രിന്റ്‌ ഓര്‍ഡറും പ്രകാരമായിരുന്നു KBPS ഇങ്ങനെ ചെയ്തത്‌. അങ്ങനെ വീണ്ടും എട്ടും ഒന്‍പതും ക്ലാസ്സുകളിലേക്ക്‌ വേണ്ടി 8,23,370 ലിനക്സ്‌ വിഭാഗം മാത്രമടങ്ങുന്ന സപ്ലിമെന്ററി പുസ്തകങ്ങള്‍ കൂടി ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസറുടെ ഉത്തരവും പ്രകാരം അച്ചടിക്കേണ്ടി വന്നു. അതിനു വേണ്ടി സര്‍ക്കാരിനു ചെലവായത് 7.92 ലക്ഷം രൂപ. കൂടാതെ ഒന്‍പതാം ക്ലാസിലേക്ക്‌ വേണ്ടി നേരത്തേ അച്ചടിച്ചു വച്ചിരുന്ന (ലിനക്സ്‌ വിഭാഗം ഇല്ലാത്തത്‌) പുസ്തകങ്ങള്‍ തന്നെ 1,02,800 എണ്ണം ആവശ്യത്തില്‍ കുടുതലായിരുന്നു. ഉപയോഗശൂന്യമായ ഇത്രയും പുസ്തകത്തിന് സര്‍ക്കാര്‍ ചിലവാക്കിയത്‌ 10.16 ലക്ഷം രൂപയാണ്.

ആങ്ങനെ, 2006-07 ലേക്ക്‌ വേണ്ടി ഐ.റ്റി. പുസ്തകങ്ങള്‍ പ്രിന്റ്‌ ചെയ്ത വകയില്‍ മാത്രം സര്‍ക്കാര്‍ പാഴാക്കിയത്‌ 18.08 ലക്ഷം രൂപ.

ഈ വിവരവും ഏ.ജി. നിയമസഭവഴി നമ്മുടെ സാമാജികന്‍ മാരെ അറിയിച്ചിട്ടുണ്ട്‌. അവര്‍ക്കുണ്ടോ ഏ.ജിയുടെ ഈ വേണ്ടാത്ത റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ സമയം.?